ഞങ്ങളെക്കുറിച്ച്
എന്തുകൊണ്ട് ഈ സൈറ്റ്
എത്ര സിനിമകൾ പരാജയപ്പെട്ടാലും, അർഹതയുള്ള ഒരു നല്ല സിനിമ പോലും അംഗീകരിക്കപ്പെടാതെ പോകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്സൈറ്റ് ആരംഭിക്കുന്നത്. മോശം സിനിമകളെക്കാൾ ഉപരി, നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട മികച്ച സിനിമകളെ പരിചയപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. നിങ്ങൾക്ക് ഒരു സിനിമ ഇഷ്ടപ്പെടുകയും എന്നാൽ തിയേറ്ററുകളിൽ അത് വേണ്ടത്ര വിജയിക്കുന്നില്ല എന്ന് തോന്നുകയും ചെയ്താൽ, ആ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ റിവ്യൂ ഇവിടെ പങ്കുവെക്കാവുന്നതാണ്. കാലക്രമേണ, ഈ പ്ലാറ്റ്ഫോമിലൂടെ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മികച്ച സിനിമാപ്രേമി കൂട്ടായ്മ ഇവിടെ രൂപപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നമ്മൾ മലയാളികൾ പലപ്പോഴും ഒരു സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് യൂട്യൂബ് റിവ്യൂകൾ കണ്ടിട്ടാണ്. എന്നാൽ യൂട്യൂബർമാർ മോശം എന്ന് വിലയിരുത്തിയ പല സിനിമകളും പിന്നീട് പ്രേക്ഷകർക്ക് വളരെ മികച്ചതായി തോന്നിയിട്ടുണ്ട്. ചില ഓൺലൈൻ റിവ്യൂകൾ കാരണം മാത്രം അർഹതയുള്ള നല്ല സിനിമകൾ തിയേറ്ററുകളിൽ വിജയിക്കാതെ പോകുന്നു എന്ന ചിന്തയാണ് ഈ വെബ്സൈറ്റിലേക്ക് നയിച്ച പ്രധാന ഘടകം.
ഇത് യൂട്യൂബർമാരെ കുറ്റപ്പെടുത്താൻ വേണ്ടിയുള്ളതല്ല. 'മല്ലു അനലിസ്റ്റ്' പോലെയുള്ള മികച്ച യൂട്യൂബ് നിരൂപകരുടെ വിലയിരുത്തലുകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും, ഏതൊരു വ്യക്തിഗത റിവ്യൂവിനും അതിന്റേതായ പരിമിതികളുണ്ട്. അതുകൊണ്ടാണ് എല്ലാവരുടെയും പങ്കാളിത്തത്തോടെ ഒരു പൊതു സിനിമാ റിവ്യൂ പ്ലാറ്റ്ഫോം ഞങ്ങൾ ഒരുക്കുന്നത്.
ഇതിൽ ഞങ്ങളുടെ ടീമിന്റെ റിവ്യൂവിനൊപ്പം സാധാരണ പ്രേക്ഷകരുടെ (Public users) ശരാശരി റേറ്റിങ്ങും നിങ്ങൾക്ക് കാണാം. പ്രേക്ഷകർ സിനിമ കണ്ടതിന് ശേഷം മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തുന്നത് എന്ന് ഉറപ്പാക്കാൻ, റിവ്യൂ എഴുതുന്നതിന് മുൻപായി സിനിമയെ ആസ്പദമാക്കിയുള്ള ചില ലളിതമായ ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതാണ്.
ഇവിടെ റിവ്യൂകളുടെ എണ്ണത്തെക്കാൾ റിവ്യൂകളുടെ ഗുണനിലവാരമാണ് ഞങ്ങൾ നോക്കുന്നത്. അതുകൊണ്ട് ടിക്കറ്റ് ബുക്കിങ് ആപ്പുകളിലെ റിവ്യൂകൾ പോലെ റിവ്യൂ സമർപ്പിക്കുന്നത് ഇവിടെ ഒരു എളുപ്പമുള്ള പ്രക്രിയയല്ല.
കൂടാതെ, സിനിമകളെക്കുറിച്ചുള്ള വിശദമായ ലേഖനങ്ങളും സിനിമാ നിരൂപണങ്ങളും ഇവിടെ പ്രസിദ്ധീകരിക്കാം. ഇത് റിവ്യൂകളുടെ വിശ്വാസ്യതയും ആധികാരികതയും വർദ്ധിപ്പിക്കും. ഒരേ രീതിയിൽ ഒരു ചെയിൻ റിയാക്ഷൻ പോലെ പോകുന്ന യൂട്യൂബ് റിവ്യൂ സംസ്കാരത്തിന് ഇതൊരു മികച്ച ബദലായി മാറും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.